പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ സവീര പ്രകാശ് ആണ് നിയമസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു വനിത മത്സരിക്കുന്നത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് സവീര പ്രകാശ് ജനവിധി തേടുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വനിത വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര. റിട്ട ഡോക്ടറായ പിതാവ് ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.
പാകിസ്ഥാനിലെ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 2022ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സവീര ജനസേവനം തന്റെ രക്തത്തിലുള്ളതാണെന്നാണ് പറയുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ മനസിലാക്കിയതില്‍ നിന്നാണ് നിയമസഭാംഗം ആകാനുള്ള ആഗ്രഹം ഉണ്ടായതെന്ന് സവീര പറയുന്നു.
പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന തന്റെ പിതാവിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നതായും സവീര അറിയിച്ചു. പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു സീറ്റുകളില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് അഞ്ച് ശതമാനം പ്രാതിനിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.