വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമര്‍ശമവുമായി വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഇവിഎമ്മുകള്‍ അനായാസം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചു.

ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷിതമെന്നും ഇലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പങ്കെടുത്ത പൊതു ചടങ്ങിലായിരുന്നു മസ്‌ക് ഇവിഎമ്മുകള്‍ക്കെതിരെ കടുത്ത ആരോപണം ഉയര്‍ത്തിയത്.

താനൊരു ടെക്‌നോളജിസ്റ്റ് ആയതിനാല്‍ കമ്പ്യൂട്ടറുകളെ കുറിച്ച് നന്നായി അറിയാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ വിശ്വസിക്കാനാവില്ല. അവ ഹാക്ക് ചെയ്യാന്‍ വളരെ അനായാസം സാധിക്കും. അതിനായി ഒരു ചെറിയ കോഡ് ചേര്‍ത്താല്‍ മതിയാകും. എന്നാല്‍ ബാലറ്റ് പേപ്പറുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും മസ്‌ക് പറഞ്ഞു.

എന്നാല്‍ ഒരു മിനുട്ടോളം ദൈര്‍ഘ്യമുള്ള മസ്‌കിന്റെ ഇവിഎമ്മുകളെ കുറിച്ചുള്ള പ്രസ്താവന ഇതോടകം സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിട്ടുണ്ട്. മസ്‌കിന്റെ ഇവിഎമ്മുകളെ കുറിച്ചുള്ള പ്രസ്താവന ഇതോടകം ഇന്ത്യയിലും പ്രതിപക്ഷ നേതാക്കള്‍ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.