'അമേരിക്കയില്‍ രാജാക്കന്മാര്‍ വേണ്ട', ട്രംപിനെതിരെ തെരുവിലിറങ്ങി ജനം; വൈറ്റ് ഹൗസിനും ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് മുന്നിലും സമരം; പ്രസിഡന്റിനെതിരെ 'പാളയത്തില്‍ പട'

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍.
കഴിഞ്ഞ ദിവസം അമേരിക്കയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. 50-50-1 എന്ന പേരില്‍ പ്രതിഷേധം നടത്തിയത്. ’50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനം, ഒരു പ്രസ്ഥാനം’ എന്ന പേരിലായിരുന്നു സമരം.

നാടുകടത്തല്‍, പ്രധാന വകുപ്പുകളുടെ അടച്ചുപൂട്ടല്‍, ജീവനക്കാരെ പുറത്താക്കല്‍, സര്‍വകലാശാലകളിലും മറ്റും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് അമേരിക്കന്‍ ജനത തെരുവിലിറങ്ങിയത്. സമാധാനപരമായ പ്രകടനങ്ങളാണ് എല്ലായിടത്തും നടന്നത്.

വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ജനം ട്രംപിനെതിരേ പ്രതിഷേധിച്ചു. ‘അമേരിക്കയില്‍ രാജാക്കന്മാര്‍ വേണ്ട’, സ്വേച്ഛാധിപത്യത്തെ ചെറുക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം നടന്നത്. ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്‌കിനെതിരേയും പ്രതിഷേധമുണ്ടായി. ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്കു പുറത്തായിരുന്നു മസ്‌കിനെതിരേ ജനക്കൂട്ടം പ്രതിഷേധിച്ചത്.
തെറ്റായി എല്‍സാല്‍വഡോറിലേക്ക് നാടുകടത്തപ്പെട്ട കില്‍മാര്‍ ആബ്രെഗോ ഗാര്‍സിയയെ തിരികെ വരുത്തണമെന്നും നിരവധി പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Read more

അമേരിക്കയില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ അധികമായി കാണപ്പെടുന്ന ഘട്ടത്തിലാണ് ഇത്. ഏപ്രില്‍ തുടക്കത്തില്‍ നടന്ന ‘ഹാന്‍ഡ്സ് ഓഫ്’ പ്രക്ഷോഭങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചിരുന്നു.