ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. 30000 പേരെ അപകടനടന്ന സ്ഥലങ്ങളില്‍ നിന്നും രക്ഷിച്ചെടുത്തെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ 6.30ന് ഷിഗാസ്‌തെ നഗരത്തിലെ ഡിന്‍ഗ്രി കൗണ്ടിയിലാണു ഭൂകമ്പമുണ്ടായത്. ഡിന്‍ഗ്രി കൗണ്ടിയില്‍ 61,000 ജനങ്ങളാണ് വസിക്കുന്നത്. ചൈനയുടെ അധീനതയിലുള്ള പ്രദേശമാണു ടിബറ്റ്.
ആയിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.

അയല്‍രാജ്യമായ നേപ്പാളിലും ഉത്തരേന്ത്യയിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നേപ്പാളില്‍ ആളപായമില്ല. ഏതാനും കെട്ടിടങ്ങള്‍ തകര്‍ന്നു. ഉത്തരേന്ത്യയില്‍ ബിഹാര്‍, ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലാണ് ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായത്.

ഇന്നലെ ആദ്യമുണ്ടായ വന്‍ ഭൂകമ്പത്തിനു പിന്നാലെ നിരവധി തുടര്‍ചലനങ്ങളുണ്ടായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണ്.

സിഗാസെ എന്നും അറിയപ്പെടുന്ന ഷിഗാസ്‌തെ ഇന്ത്യയുടെ അതിര്‍ത്തിക്കു സമീപമുള്ള നഗരമാണ്. ടിബറ്റിലെ പ്രമുഖ ബുദ്ധമതനേതാവായ പഞ്ചന്‍ ലാമയുടെ ആസ്ഥാനമാണ് ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാസ്‌തെ. ബുദ്ധ മതത്തില്‍ ദലൈലാമ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമുള്ള ആത്മീയ നേതാവാണു പഞ്ചന്‍ ലാമ.

ഭൂമിശാസ്ത്രപരമായി ഭൂചലനസാധ്യതാ പ്രദേശത്താണു നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. ഇനിയും തുടര്‍ചലനങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രില്‍ 25ലെ വന്‍ ഭൂചലനത്തില്‍ നേപ്പാളില്‍ കനത്ത നാശമാണുണ്ടായത്. അന്നു 9,000 പേര്‍ മരിക്കുകയും 10 ലക്ഷം കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തു.