രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പത്ത് ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട റിപ്പോര്‍ട്ടുകളാണ് അയല്‍രാജ്യം കൂടിയായ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്. യുനെസ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചത്.
മൂന്ന് വര്‍ഷം മുന്‍പ് 2021 ആഗസ്റ്റ് 15ന് അധികാരത്തിലേറിയ താലിബാന്‍ ആറാം ക്ലാസിന് മുകളിലേക്കുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്‍പും അഫ്ഗാനിസ്ഥാനില്‍ അനാചാരങ്ങളെ കൂട്ടുപിടിച്ച് പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 25 ലക്ഷം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചിട്ടുള്ളത്.
താലിബാന്‍ ഭരണം നിലവില്‍ വന്നതിന് ശേഷം ഗണ്യമായ കുറവാണ് ഓരോ അധ്യയന വര്‍ഷവും രേഖപ്പെടുത്തുന്നത്. സര്‍വകലാശാലകളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ 11 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
താലിബാന്‍ ഭരണത്തിന് കീഴിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ബാലവേല, ബാലവിവാഹം എന്നിവയ്ക്ക് കാരണമാകുമെന്നും യുനെസ്‌കോ വ്യക്തമാക്കി.