ടിബറ്റ് ഭൂകമ്പം; മരണം 95, വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

ടിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായത്.

നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ 6.35നാണ് ഭൂചലനം ഉണ്ടായത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനങ്ങള്‍ കൂടി ഈ മേഖലയിലുണ്ടായി.

റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02നാണ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ ആഴത്തില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07ന് ആയിരുന്നു സംഭവിച്ചത്. 30 കിലോമീറ്ററോളം ഈ ഭൂചലനം വ്യാപിച്ചു.