വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

പരസ്പര തീരുവകളുടെ പരമ്പരയുടെ പുതിയ അധ്യായത്തിൽ യുഎസുമായുള്ള കാനഡയുടെ ബന്ധത്തിന്റെ യുഗം “അവസാനിച്ചു” എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ട്രംപ് ബന്ധങ്ങളെ ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും “പിന്നോട്ടുപോകില്ല” എന്നും മാർക്ക് കാർണി കനേഡിയൻമാർക്ക് മുന്നറിയിപ്പ് നൽകി. “നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ ആഴത്തിലുള്ള സംയോജനത്തെയും കർശനമായ സുരക്ഷ, സൈനിക സഹകരണത്തെയും അടിസ്ഥാനമാക്കി അമേരിക്കയുമായി ഉണ്ടായിരുന്ന പഴയ ബന്ധം അവസാനിച്ചു.” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപിന്റെ കാർ താരിഫുകൾ “ന്യായീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും പറഞ്ഞു.

അടുത്തയാഴ്ച പ്രതീക്ഷിക്കുന്ന പ്രതികാര നടപടികളോടെ ഏകോപിതമായ പ്രതികരണം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രവിശ്യാ പ്രധാനമന്ത്രിമാരുമായും ബിസിനസ്സ് നേതാക്കളുമായും സംസാരിക്കുമെന്ന് കാർണി പറഞ്ഞു. “ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക എന്നതാണ്, സംരക്ഷിക്കുക എന്നതാണ്, കെട്ടിപ്പടുക്കുക എന്നതാണ്.” കാർണി പറഞ്ഞു. “യുഎസിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ ഞങ്ങൾ യുഎസ് താരിഫുകളെ നേരിടും.” കാർണി കൂട്ടിച്ചേർത്തു.

ഏപ്രിൽ 3 മുതൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.ഈയൊരു നീക്കം ഉൽപ്പാദനം കുറയ്ക്കാനും വില വർദ്ധിപ്പിക്കാനും ആഗോള വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കഴിഞ്ഞ വർഷം യുഎസ് ഏകദേശം 475 ബില്യൺ ഡോളർ (£367 ബില്യൺ) വിലമതിക്കുന്ന കാറുകളാണ് ഇറക്കുമതി ചെയ്തത്. പ്രധാനമായും മെക്സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ , കാനഡ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് യുഎസ് കാർ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ കാർ നിർമ്മാതാക്കൾ മാത്രം 750,000-ത്തിലധികം വാഹനങ്ങൾ അമേരിക്കൻ ഡ്രൈവർമാർക്ക് വിറ്റിട്ടുണ്ട്.

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് താരിഫ് ഒരു നല്ല ആശയമല്ലെന്ന് പറഞ്ഞു. അവ “മൂല്യ ശൃംഖലകളെ തകർക്കുകയും പണപ്പെരുപ്പ പ്രഭാവം സൃഷ്ടിക്കുകയും തൊഴിലവസരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് യുഎസ് അല്ലെങ്കിൽ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകൾക്ക് നല്ലതല്ല.” അദ്ദേഹം പറഞ്ഞു. ട്രംപിനെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതിനായി യൂറോപ്യൻ കമ്മീഷനുമായി ചേർന്ന് പാരീസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അഭിവൃദ്ധിയുടെ അടിത്തറയായി സ്വതന്ത്ര വ്യാപാരത്തെ കമ്മീഷൻ പ്രതിരോധിക്കുമെന്ന് ബെർലിനിലെ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.