'ദാരുണമായ അപകടം, തെറ്റ് സംഭവിച്ചു'; റാഫയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രമണത്തിൽ കുറ്റം സമ്മതിച്ച് നെതന്യാഹു

റാഫയിലെ അഭയാർത്ഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ രൂക്ഷമായ വിമർശനങ്ങൾ നേരിടുന്നതിനിടെ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അഭയാർഥി ക്യാമ്പിനു നേരേ നടത്തിയ ആക്രമണം തെറ്റായിരുന്നെന്ന് നെതന്യാഹു സമ്മതിച്ചു. ദാരുണമായ തെറ്റ് സംഭവിച്ചുവെന്നാണ് നെതന്യാഹു സമ്മതിച്ചത്.

അഭയാർഥികളായി ആയിരക്കണക്കിന് പലസ്തീനികൾ കഴിയുന്ന ടാൽ അസ്-സുൽത്താനിലെ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം വലിയ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് നെതന്യാഹു തിങ്കളാഴ്ച ഇസ്രയേൽ പാർലമെന്റിൽ സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ ലഭിച്ചതെന്നും പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങൾ കണ്ടുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ദൃക്‌സാക്ഷികൾ ദാരുണ സംഭവത്തെ വിവരിക്കുന്നു. മരിച്ചവരിൽ 12 സ്ത്രീകൾ, എട്ട് കുട്ടികൾ, മൂന്ന് മുതിർന്ന പൗരന്മാർ എന്നിവരായിരുന്നുവെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വിലയിരുത്തി. എന്നാൽ പൂർണമായും കത്തിക്കരിഞ്ഞ മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതോടെ ഗാസയിലെ ആകെ മരണം 36000 കടന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

സാധാരണക്കാരുടെ മരണത്തിൽ കുറ്റബോധമുണ്ടെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇസ്രേയൽ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, ടാൽ അസ് സുൽത്താൻ പ്രദേശത്തിന് പുറമെ ജബാലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേൽ രൂക്ഷമായ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. യുഎൻആർഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎൻ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയിൽ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടങ്ങളിൽ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിർമ്മിച്ച ടെന്റുകൾ തയാറാക്കി താമസിച്ച് വന്നിരുന്നത്.