'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തിന് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയെ യുഎസിൽ ലയിപ്പിക്കുന്നതിൻ്റെ നേരിയ സാധ്യത പോലും നിലനിൽക്കുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.

‘നോട്ട് എ സ്നോബോൾസ് ചാൻസ് ഇൻ ഹെൽ’ (Not a snowball’s chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിൻ്റെ യുഎസ്-കാനഡ ലയന നിർദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. ‘ഒരിക്കലും നടക്കാത്ത കാര്യം’ എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അർഥം.
‘വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികൾക്കും ജനസമൂഹത്തിനും ലഭിക്കുന്നു’ – എന്നും ജസ്റ്റിൻ ട്രൂഡോ കുറിച്ചു.

കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ട്രൂഡോ രാജി വെച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ലിബറൽ പാർട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതൽ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാർട്ടിയിലെ വിമതനീക്കത്തെ തുടർന്നാണ് സ്ഥാനം രാജിവച്ചത്. പുതിയ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടരും.