തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമെന്ന് അമേരിക്ക

തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമാണെന്ന് അമേരിക്ക. തീവ്രവാദം തടയുന്നതിനായി പാകിസ്താന് നല്‍കിയിരുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ പ്രസ്താവന. നിലവിലെ സാഹചര്യത്തില്‍ പാകിസ്താനെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ വഴികള്‍ തേടാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

9/11 ആക്രമണത്തിന് ശേഷം അമേരിക്ക പിന്തുടര്‍ന്ന നയങ്ങള്‍ ഫലപ്രദമായി പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ മേഖലയില്‍ നടപ്പാക്കാനായില്ലെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുന്നു. മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ തീവ്രവാദത്തിന് സഹായകരമാകുന്ന നീക്കങ്ങളാണ് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ നടത്തുന്നത്. തീവ്രവാദത്തെ തുരത്താന്‍ അമേരിക്ക പാകിസ്താന് ആയിരത്തിലധികം കോടി രൂപയാണ് ഓരോ വര്‍ഷവും നല്‍കിയിരുന്നത്. എന്നാല്‍ ഒരു പൈസ പോലും ശരിയായ വിധത്തില്‍ അവര്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍ ഭരണകൂടങ്ങള്‍ തന്ത്രപരമായ നയമാണ് പാക് മേഖലയില്‍ സ്വീകരിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക് മേഖലയിലെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ പുതിയ വഴികളാണ് തേടേണ്ടത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളില്‍ ട്രംപിന് കൃത്യമായ നിലപാടുണ്ടെന്നും വിദേശകാര്യ കാര്യ വക്താവ് ചൂണ്ടിക്കാട്ടി.