ട്രംപ് മെരുങ്ങുന്നില്ല; ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി വീണ്ടും വിവാദത്തില്‍

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യപരാമര്‍ശം നടത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ കുടിയേറ്റ നിയമങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്.

ഇത്തരം “ഷിറ്റ്‌ഹോള്‍” രാജ്യങ്ങളെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് ചോദിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ എടുത്തുപറഞ്ഞാണ് ട്രംപ് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

“കറുത്ത വര്‍ഗക്കാരോടും രാജ്യങ്ങളോടും ട്രംപിനുള്ള ഇഷ്ടക്കേട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അമേരിക്കന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ മനസ്സിലാക്കാത്ത , വംശീയമായി ചിന്തിക്കുന്ന വ്യക്തിയാണ് ട്രംപ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.” പാര്‍ലമെന്റ് സമാജികളിലൊരാളായ ലൂയിസ് ഗട്ടിയേറസ് അഭിപ്രായപ്പെട്ടു.

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമം അവതരിപ്പിക്കുന്നതിനായാണ് പാര്‍ലമെന്റ് അംഗങ്ങള്‍ കൂടിച്ചേര്‍ന്നത്. ചര്‍ച്ചയില്‍ കരീബിയന്‍ രാജ്യമായ ഹെയ്റ്റിയെ പേരെടുത്ത് തന്നെ ട്രംപ് വിമര്‍ശിക്കുകയും, ആ രാജ്യത്തുള്ളവരെ അമേരിക്കയിലേക്ക് കടത്തരുതെന്ന് പറയുകയും ചെയ്തു.

ഇറാന്‍, ഇറാഖ് ,സൊമാലിയ,സുഡാന്‍, സിറിയ, യെമന്‍, എന്നീ ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് എച്ച് വണ്‍ ബി വിസ നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം നടത്തിയിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.