കാനഡ, മെക്സികോ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരയുദ്ധം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നു രാജ്യങ്ങളില്‍ ഇറക്കുമതിക്ക് അധിക നികുതി ചുമത്തിയാണ് വ്യാപാര യുദ്ധം ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ, മെക്സികോ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതിയാണ് ചുമത്തിയത്. എന്നാല്‍ കാനഡയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേലും ഭാവിയില്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
അധികാരത്തിലെത്തിയാല്‍ അധിക നികുതി ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തിന്റെ കാര്യത്തില്‍ മെക്‌സികോയും കാനഡയും ഒരിക്കലും യു.എസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു.
അമേരിക്കയിലേക്ക് അനധികൃതമായി ഫെന്റാനില്‍ എന്ന ലഹരിമരുന്ന് കടത്തുന്നത് തടയാന്‍ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാ നടപടി. ഫെന്റാനില്‍ മൂലം ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നതെന്നും നികുതി ചുമത്തിയതിനെ ന്യായീകരിച്ച് വൈറ്റ്ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശമിക്കുന്ന കുടിയേറ്റക്കാരെ തടയാന്‍ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്ന് ട്രംപ് മുമ്പ് ആരോപിച്ചിരുന്നു.
Read more
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍. അമേരിക്കയിലേക്കുള്ള ഇറക്കുമിതിയില്‍ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍നിന്നുള്ളവയായിരുന്നു. നികുതി ഉയര്‍ത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയില്‍ വര്‍ധിക്കും.