'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന് തന്നെ നല്ല ബഹുമാനമാണെന്ന് അമേരിക്കയിലെ മുന്‍ പ്രസിഡന്റും നവംബറിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. വീണ്ടും പ്രസിഡന്റായാല്‍ തായ്വാന്‍ വിഷയത്തില്‍ ചൈനയ്‌ക്കെതിരേ അമേരിക്കയ്ക്കു സൈനികനടപടി വേണ്ടിവരില്ല. ഞാനൊരു കിറുക്കനാണെന്ന് അയാള്‍ക്കറിയാം, അതിനാല്‍ ചൈന അടങ്ങിയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

യുക്രെയ്‌നെ ആക്രമിച്ചാല്‍ മോസ്‌കോയില്‍ തിരിച്ചടി നല്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുമുള്ള ബന്ധത്തെക്കുറിച്ച് ട്രംപ് വിവരിച്ചത്.

‘ പുടിനുമായി നല്ല ബന്ധത്തിലാണ്. യുക്രെയ്‌നു പിന്നാലെ പോയാല്‍ മോസ്‌കോയില്‍ ഞാന്‍ കനത്ത ആക്രമണം നടത്തുമെന്ന് ഒരു ഘട്ടത്തില്‍ പുടിനോട് പറഞ്ഞിട്ടുണ്ട്. പുടിനതു വിശ്വസിക്കാന്‍ പറ്റിയില്ല. ക്രെംലിനിലെ താഴികക്കുടങ്ങള്‍ തകര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു.

നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനോടു തോറ്റാല്‍ ഇനിയൊരു തവണ കൂടി മത്സരിക്കില്ലന്നും അദേഹം വ്യക്തമാക്കി. 2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നത്. 2016 ല്‍ ഹിലറി ക്ലിന്റനെ തോല്‍പിച്ച് പ്രസിഡന്റായി. 2020 ല്‍ ജോ ബൈഡനോട് തോറ്റു. 2028ലാകും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നു ട്രംപിന് 82 വയസ്സു കാണും.

ഗോള്‍ഫ് കളിയും ശരിയായി ഭക്ഷണം കഴിക്കുന്നതുമാണ് ആരോഗ്യം സൂക്ഷിക്കാന്‍ സഹായിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ‘അതു കഴിക്കരുത്, ഇതു കഴിക്കരുത് എന്നു പറഞ്ഞ് ഏതു നേരവും എന്നെ ഉപദേശിക്കുന്നവര്‍ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല’ ട്രംപ് വിശദീകരിച്ചു. ഇതേസമയം, കനത്ത മത്സരം ഉറപ്പായ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാര്‍ഥികളും പ്രചാരണത്തിരക്കിലാണ്.