എക്‌സ് പ്ലാറ്റ് ഫോമില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കിടയായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഗാസയില്‍ ഇസ്രായേല്‍ പ്രയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന വൈറ്റ് ഫോസ്ഫറസ് ബോംബിന്റെ ദുരന്തഫലം എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോയാണ് മാറി മാറി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇസ്രായേലിന്റെ വൈറ്റ് ഫോസ്ഫറസ് ആക്രമണത്തില്‍ പൊള്ളിയടര്‍ന്ന സ്ത്രീയുടെ മുഖമെന്ന നിലയിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
🇵🇸 This is the Impact of White Phosphorus Bombs prohibited by International law!
Gaza in Palestine
https://t.co/LqB0M7BE7B— Freedom Truth Honor 🇺🇳 (@FreedomHonor666) February 20, 2024
മാരക പ്രഹരശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് യുദ്ധഭൂമിയിലടക്കം ഉപയോഗിക്കുന്നത് ഐക്യരാഷ്ട്ര സഭ വിലക്കിയിട്ടുള്ളതാണ്. ഇസ്രായേല്‍ പലസ്തീനിലെ ജനങ്ങള്‍ക്ക് നേര്‍ക്ക് ഇത് പ്രയോഗിച്ചുവെന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയപ്പോഴും പ്രതിരോധിച്ച് നില്‍ക്കുകയാണ് ഇസ്രായേല്‍ ചെയ്തത്. മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് ഇസ്രായേല്‍ ബോംബിംഗിന്റെ ഇരയെന്ന് പറഞ്ഞു പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പൊള്ളിയടര്‍ന്ന മുഖവുമായി ഒരു സ്ത്രീയുടെ വീഡിയോ പ്രചരിക്കുന്നത്. അത്യന്തം വേദനാജനകമായ ദൃശ്യമാണിത്. ഗാസയിലെ ഇസ്രായേല്‍ ക്രൂരത എന്ന പേരില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.
എന്നാല്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ഗാസയില്‍ നിന്നുള്ളതല്ലെന്നതാണ് വസ്തുത. ഇത് ബോംബ് പ്രയോഗത്തിലുണ്ടായ പൊള്ളലുമല്ല. സെറോഡെര്‍മ പിഗ്മെന്റോസം എന്ന രോഗാവസ്ഥയാണ് ഈ പൊള്ളിയടര്‍ന്ന മുഖത്തിന് പിന്നില്‍. ഈ യുവതി പലസ്തീന്‍ വംശജയുമല്ല. മൊറോക്കോയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മൊറോക്കോയിലെ ജീവകാരുണ്യ സംഘടനയായ മൂണ്‍ വോയിസ് ഫെബ്രുവരിയില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് പലസ്തീനില്‍ നിന്നുള്ള വീഡിയോ എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
Read more
സെറോഡെര്‍മ പിഗ്മെന്റോസം (എക്‌സ്പി) രോഗാവസ്ഥ ജനിതകമായി ഉണ്ടാകുന്ന വൈകല്യമാണ്. അള്‍ട്രാവയലറ്റ് വികിരണങ്ങളെ താങ്ങാനാവാത്ത തീവ്രമായ സെന്‍സിറ്റിവിറ്റിയുള്ള ഒരു അപൂര്‍വ ജനിതക വൈകല്യമാണിത്, സൂര്യപ്രകാശത്തിലും മറ്റു തരത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ലൈറ്റ് സംവിധാനത്തിലുമെല്ലാം ഈ രോഗം അതിന്റെ ഭീകരാവസ്ഥ രൂക്ഷമാക്കും. ഇത്തരത്തില്‍ നിരവധി പേരുടെ വീഡിയോ മൂണ്‍ വോയിസ് സംഘടനയുടെ സോഷ്യല്‍ പ്ലാറ്റ് ഫോമില്‍ ഉണ്ട്. അതില്‍ നിന്ന് മാറ്റിയെടുത്ത് വ്യാജതലക്കെട്ട് ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു ഈ വീഡിയോ. ഫെയ്‌സ്ബുക്ക് ഇത് വ്യാജ ഇന്‍ഫര്‍മേഷനാണെന്ന് കണ്ടു ഈ വീഡിയോ പേജുകളില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.