തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം നേടാതെ സ്ഥാനാർത്ഥികൾ, വോട്ടെടുപ്പ് വീണ്ടും നടക്കും

തുർക്കിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാകാതെ സ്ഥാനാർത്ഥികൾ. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചില്ല.നിലവിലെ പ്രസിഡന്റ് എർദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി കെമാൽ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. മറ്റുള്ളവർ അഞ്ചു ശതമാനം വോട്ടുകളാണ് നേടിയത്.

വിജയിക്കാൻ 50 ശതമാനത്തിൽ കൂടുതൽ വോട്ടുകളാണ് വേണ്ടത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് 28 ന് രണ്ടാം റൗണ്ട് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ നിലവിലെ പ്രസിഡന്റ് എർദോഗന് അനുകൂലമാണ്. രണ്ടുപേർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാനാവാത്തതിനാലാണ് മെയ് 28 ന് രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടക്കുന്നത്.

Read more

അതേ സമയം രാജ്യത്ത് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. പ്രസിഡന്റ് എർദോഗനെ അനുകൂലിക്കുന്ന തരത്തിലാണ് ഫലങ്ങൾ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 20 വ‌ർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എർദോഗനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. 2017ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുർക്കി മാറിയത്.