തുര്‍ക്കിയിലും സിറിയയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2300 കവിഞ്ഞു. ആയിരക്കണക്കിനാളുള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇവിടെയുണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു. റിക്ടര്‍ സ്‌കെയില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്.
തുര്‍ക്കിയിലെ ഗാസിന്‍ടോപ്പ് പ്രവിശ്യയില്‍ നിന്നും 24 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു. രണ്ട് തവണയാണ് ശക്തമായ ഭൂചലനം ഉണ്ടായത് അന്താരാഷ്ട്ര സമൂഹത്തോട് തുര്‍ക്കിയും സിറിയയും സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999-ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നുണ്ട്.