'നൂറ്റാണ്ടിന്റെ ദുരന്തം'; തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും മങ്ങുകയാണ്. അറൂന്നൂറുകളോടം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് ഇനിയും കുടുങ്ങി കിടക്കുന്നത്.

ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍പ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച ആയിരക്കണക്കിന് ആളുകളുടെ ജീവന്റെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തുന്നതായും യു എന്‍ അറിയിച്ചു. ‘നൂറ്റാണ്ടിന്റെ ദുരന്തം’ എന്നാണ് ഭൂകമ്പത്തെ തുര്‍ക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്.

ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓപ്പറേഷന്‍ ദോസ്ത് എന്ന പേരില്‍ ഇന്ത്യന്‍ സംഘം എത്തിയിട്ടുണ്ട്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കണ്‍ട്രോള്‍ റൂം തുറന്നു. പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്. തുര്‍ക്കിയില്‍ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചേര്‍ന്ന് രക്ഷാദൗത്യം വേഗത്തിലാക്കാന്‍ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു.

Read more

ഡോക്ടര്‍മാരും, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി. ഇവര്‍ ഭൂകമ്പം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.