പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാന്‍ യുകെ സര്‍ക്കാര്‍. ആത്മഹത്യ നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ് യുകെ സര്‍ക്കാരിന്റെ നടപടി. മരുന്ന് കടകളില്‍ നിന്ന് പാരസെറ്റമോള്‍ വാങ്ങുന്നവരുടെ നിരക്ക് കുറയ്ക്കാന്‍ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം.
2018ല്‍ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രാജ്യത്ത് സംഭവിക്കുന്ന ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യയ്‌ക്കെതിരായ ബോധവത്കരണം നല്‍കുന്നതിനും യുകെ സര്‍ക്കാര്‍ പുതിയ നയത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റമോള്‍ വരെയാണ് മരുന്ന് കടകളില്‍ നിന്ന് ലഭ്യമാകുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ലഭ്യമാകുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിസിന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയോട് യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതി വര്‍ഷം 5,000 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അറിയിക്കുന്നു.