പുട്ടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും; ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം യുക്രെയ്ന്‍ പ്രസിഡന്റ്; പ്രസിഡന്റിന്റെ രോഗത്തെക്കുറിച്ച് പ്രതികരിക്കാതെ റഷ്യ

റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മരിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇത് ഉടന്‍ സംഭവിക്കുമെന്നും അദേഹം പറഞ്ഞു.

പുടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്താണ് സെലന്‍സ്‌കിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. മരണത്തെ പുടിന്‍ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഉടന്‍ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ എല്ലാം അവസാനിക്കും. സെലെന്‍സ്‌കി പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുട്ടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്‌കി തറപ്പിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അവശനിലയിലാണ് പുട്ടിനെ പൊതുവേദികളില്‍ കണ്ടിരുന്നത്. കൈകാലുകള്‍ വിറയ്ക്കുന്നതും, നിയന്ത്രണാതീതമായി ചുമയ്ക്കുന്നുതമെല്ലാം പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന പുട്ടിന്റെ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും കാന്‍സറാണെന്നുമുള്ള വാര്‍ത്ത പരന്നു. ഇതും റഷ്യ തള്ളികളയുകയായിരുന്നു.

മരണം വരെ അധികാരത്തില്‍ തുടരുമെന്നാണ് പുടിന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ യുക്രെനില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.