കാളീചിത്ര' വിഷയത്തിൽ മാപ്പ് പറഞ്ഞ് യുക്രൈൻ

കാളീചിത്ര’ വിഷയത്തിൽ മാപ്പ് പറഞ്ഞ് വിശദീകരണവുമായി യുക്രൈൻ. അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്നും ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും യുക്രൈൻ വിശദീകരിച്ചു. വിദേശകാര്യ ഉപമന്ത്രി എമിനെ സപാറോവയാണ് വിശദീകരണവുമായി എത്തിയത്.

കഴിഞ്ഞ ദിവസമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്.ഹോളിവുഡ് താരം മെർലിൻ മൺറോ നിൽക്കുന്നതിന് സമാനമായാണ് കറുത്ത മേഘങ്ങൾക്കിടയിൽ കാളിദേവിയെ ചിത്രീകരിച്ചത്. ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടിൽ ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. യുക്രൈന്‍റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ് ‘ഡിഫൻസ് യു’

Read more

ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയ‍ർന്നത്. ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമർശനം ഉന്നയിച്ചു. ഇന്ത്യയിൽ നിന്ന് സഹായം സ്വീകരിച്ച ശേഷം, ഇവിടെ ആരാധിക്കുന്ന ഒരു ദൈവത്തെ അപമാനിക്കുകയാണ് ചെയ്തതെന്നായിരുന്നു വിമർശനം.ഇതോടെ യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രം പിൻവലിക്കുകയും ചെയ്തു.