കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ബുധനാഴ്ച ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇരുവിഭാഗത്തോടും അദ്ദേഹം അഭ്യർത്ഥിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിന്റെ (യുഎൻഎച്ച്‌ആർസി) 42-ാമത് സെഷനിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നതിന് തൊട്ടുപിന്നാലെ ആണ് ഇത്.
“ഇരുരാജ്യങ്ങൾക്കുമുള്ള അദ്ദേഹത്തിന്റെ (അന്റോണിയോ ഗുട്ടെറസ്) സന്ദേശം പരസ്യമായും സ്വകാര്യമായും ഒന്നുതന്നെയാണ്. സംഘർഷം രൂക്ഷമാകാം എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. പ്രശ്‌നം കൈകാര്യം ചെയ്യാൻ അദ്ദേഹം ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നു, ”യു.എന്നിന്റെ മുഖ്യ വക്താവ് സ്റ്റീഫൻ ഡുജാരിക്കിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ഗുട്ടെറസ് പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ചോദിച്ചതിനെ തുടർന്നാണ് ഡുജാരിക്കിന്റെ പരാമർശം.
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി മദ്ധ്യസ്ഥത നിരസിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറായ 1972- ലെ സിംല കരാറിനെ ഐക്യരാഷ്ട്രസഭ ഉദ്ധരിച്ചു.
“1972- ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചുള്ള സിംല കരാർ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് അനുസൃതമായി ജമ്മു കശ്മീരിന്റെ അന്തിമ നില സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കപ്പെടണം എന്ന് പറയുന്നു,” എന്ന് കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ യു.എൻ പറഞ്ഞിരുന്നു.
ആർട്ടിക്കൾ 370-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യൻ സർക്കാരിന്റെ നടപടിക്കെതിരെ പാകിസ്ഥാൻ നേരത്തെ യു.എന്നിനെ സമീപിക്കുകയും മദ്ധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.