യുഎന്നിന്റെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതേസമയം അപകടത്തിന്റെ കാരണം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ഗോമയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അപകടത്തിന്റെ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
പാക് സൈന്യത്തിലെ ആറ് ക്രൂ അംഗങ്ങളും രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.കോംഗോ സൈന്യവും എം 23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പും തമ്മില്‍ ഈയടുത്ത് ഏറ്റുമുട്ടല്‍ നടന്ന വടക്കന്‍ കിവു പ്രവിശ്യയിലെ ത്ഷാന്‍സു പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.