ഗാസയിലേക്ക് സഹായമെത്തിച്ച യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി പോയ യുനിസെഫിന്റെ വാഹനവ്യൂഹമാണ് ആക്രമിച്ചത്. വാഹനപരിശോധനയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് യുനിസെഫ് വക്താവ് ടെസ്സ് ഇന്‍ഗ്രാം പറഞ്ഞു.
യുനിസെഫ് ദൗത്യത്തെക്കുറിച്ച് ഇസ്രയേല്‍ അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും വെടിവയ്പിനുശേഷവും വാഹനവ്യൂഹം കടത്തിവിട്ടില്ലെന്നും ടെസ്സ് പറഞ്ഞു. നേരത്തെ, വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്ല്യുസികെ) വാഹനവും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതില്‍ പ്രതികരണവുമായി ഇസ്രയേല്‍ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ യുദ്ധമുഖത്തേക്ക് എത്തിയതെന്നും രേഖകളില്ലാതെ പോര്‍മുഖത്തേക്ക് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
മധ്യ ഗാസയിലെ നുസെയ്റത്തിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. 24 മണിക്കൂറില്‍ 63 പേര്‍കൂടി കൊല്ലപ്പെട്ടതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 33,545 ആയി.