സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് സിറിയക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണം. 900 ത്തിൽ അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു.
പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു. കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രത്യാക്രമണം നടന്നിരിക്കുന്നത്.
കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായത്. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരു എണ്ണം വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. ഈ ആഴ്ച അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ സിറിയയിൽ നടന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 18ന് തെക്കന്‍ സിറിയയിലെ അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ പ്രതികരിച്ചിരുന്നു.