യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 5ന് നടക്കാനിരിക്കെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരീസും തമ്മിലുള്ള പോരാട്ടം കൊഴുക്കുമ്പോള്‍ അണേരിക്കയിലെ ശത കോടീശ്വരന്മാരും തങ്ങളുടെ നിശബ്ദ പിന്തുണ സ്ഥാനാര്ത്ഥികള്ക്കറിയിച്ചു കളം പിടിച്ചിട്ടുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥര്‍ അടക്കം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. എക്സ് പ്ലാറ്റ് ഫോം ഉടമ ഇലോണ്‍ മസ്ക് തന്റെ പിന്തുണ ആര്‍ക്കെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ ഉടമസ്ഥനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ പിന്തുണ ആര്‍ക്കെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ല.
പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ കണക്കുകളുടെ കാര്യത്തില്‍ കൃത്യത പുലര്‍ത്തുന്ന ഫോബ്സ് പുറത്തുവിട്ട ഒരു പട്ടികയാണ് ലോക ശ്രദ്ധ നേടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോടീശ്വരന്മാരുടെ പിന്തുണ ആര്‍ക്കെന്ന കണക്കാണ് ഫോബ്സ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലെ ശതകോടീശ്വരന്മാര് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ആരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു എന്നതാണ് ഫോബ്സിന്റെ ഈ പട്ടിക വ്യക്തമാക്കുന്നത്. ഫോബ്സ് കണക്കു പ്രകാരം 76 ശതകോടീശ്വരന്മാരാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് പിന്തുണ ഉറപ്പാക്കുന്നത്. 49 ബില്യണേഴ്സ് മാത്രമാണ് വ്യവസായി കൂടിയായ ട്രംപിന് പിന്തുണ നല്‍കുന്നത്.
നിരവധി ശതകോടീശ്വരന്മാര് ഇപ്പോഴും സ്ഥാനാര്‍ത്ഥിക്ക് കൃത്യമായ പിന്തുണ നല്‍കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പേര് പുറംലോകം അറിഞ്ഞാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരാണ്. ഡിസംബറില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ സംഭാവനകള്‍ പരസ്യമാക്കാന്‍ ചിലര്‍ താല്‍പ്പര്യപ്പെടുന്നില്ല. ശതകോടീശ്വരന്മാര്ക്ക് അനുകൂലമായ നയങ്ങള്‍ക്കെതിരെ കമലാ ഹാരിസ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടും കമലയ്ക്ക് തന്നെ പിന്തുണ ബില്യണയേഴ്സിന്റെ പിന്തുണയുണ്ടാകുന്നത് പ്രായോഗികത കൊണ്ടാണ്. 76 അതിസമ്പന്നരാണ് ഓപ്പണായി തന്നെ കമലയെ പിന്തുണയ്ക്കുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന ‘ന്യായവും പ്രവചിക്കാവുന്നതുമായ നയങ്ങള്‍’ കമല നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവരെ അംഗീകരിച്ചുകൊണ്ട് ഒരു ഡസനിലധികം ശതകോടീശ്വരന്മാരില് വ്യക്തമാക്കിയിട്ടുണ്ട്.
കാലിഫോര്‍ണിയ പ്രോസിക്യൂട്ടറായിരുന്ന കാലം മുതല്‍ ഹാരിസിനെ അറിയുന്ന സിലിക്കണ്‍ വാലിയിലെ ശതകോടീശ്വരന്മാര് കമലയുടെ നയങ്ങളെ കുറിച്ച് അനുഭവസ്ഥരാണ്. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, സുസ്ഥിരത തുടങ്ങിയ മേഖലകള്‍ കമല ഹാരിസിന്റെ മികവിന് കീഴില്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയിലും അമേരിക്കക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
മൈക്കല്‍ ബ്ലൂംബെര്‍ഗ്, ആര്‍തര്‍ ബ്ലാങ്ക്, റീഡ് ഹോഫ്മാന്‍, വിനോദ് ഖോസ്ല, ഡസ്റ്റിന് മോസ്കോവിറ്റ്സ്, എന്നീ ശതകോടീശ്വരന്മാരും ഹോളിവുഡ് സംവിധായകന് സ്റ്റീവന്‍ സ്പില്ബര്ഗുമെല്ലാം കമലയെ പിന്തുണയ്ക്കുന്നു. ടോറി ബര്‍ച്ച് (ഫാഷന്‍ ഡിസൈനര്‍), നെറ്റ്ഫ്ലിക്സിന്റെ റീഡ് ഹേസ്റ്റിംഗ്സ്, ക്രിസ് ലാര്‍സെന്‍ (റിപ്പിള്), ആപ്പിളിന്റെ ലോറീന് പവല്‍ ജോബ്സ് എന്നിവരെല്ലാം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ സാമ്പത്തികമായി പിന്തുണച്ചിട്ടുണ്ട്. മാര്‍ക്ക് ക്യൂബന്‍, മാജിക് ജോണ്സണ് തുടങ്ങിയ ഉന്നതര്‍ കമലയ്ക്കായി പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു.
അതിസമ്പന്നരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും സ്വയം പ്രഖ്യാപിത രക്ഷകനായി സ്ഥാനമുറപ്പിച്ച ട്രംപ്, 49 ശതകോടീശ്വരന്മാരില് നിന്ന് ഗണ്യമായ പിന്തുണ നേടിയിട്ടുണ്ട്. മിറിയം അഡല്‍സണ്‍ (ലാസ് വെഗാസ് സാന്‍ഡ്സ് കോര്പ്പറേഷന്), ഡോണ്‍ അഹെര്‍ണ്‍ (ലാസ് വെഗാസ് കണ്‍സ്ട്രക്ഷന്‍), ഡയാന് ഹെന്‍ഡ്രിക്സ് (എബിസി സപ്ലൈ), ലിന്‍ഡ മക്മഹോണ്‍ (WWE), സ്റ്റീവ് വിന് (വിന് റിസോര്‍ട്ട്സ്) എന്നിവര്‍ ട്രംപിനെ പിന്തുണച്ചിട്ടുണ്ട്.
Read more
ബില്‍ ഗേറ്റ്സ്്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, വാരന്‍ ബഫറ്റ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജാമി ഡിമോണ്‍, ലാറി എലിസണ്‍, കെന്‍ ഗ്രിഫിന് തുടങ്ങിയ വമ്പന്മാരെല്ലാം നിശബ്ദരാണ്. ആര്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് പ്രഖ്യാപിക്കാതെ ഡിസംബറിലെ വിധിക്കായി കാത്തിരിക്കുകയാണ്.