ഉക്രൈനില്‍ റഷ്യയ്‌ക്ക് എതിരെ പോരാടാന്‍ തയ്യാറെടുത്ത് അമേരിക്കക്കാര്‍, സന്നദ്ധരായി ബ്രിട്ടീഷുകാരും

ഉക്രൈന്‍ പക്ഷത്തുനിന്ന് റഷ്യക്കെതിരേ പോരാടാന്‍ സന്നദ്ധരായി മൂവായിരത്തോളം അമേരിക്കക്കാര്‍. അമേരിക്കന്‍ സേനയില്‍നിന്ന് വിരമിച്ചവരാണ് ഇതിനായി സന്നദ്ധതയറിയിച്ചവരിലേറെയും. റഷ്യന്‍ സേനയ്ക്കെതിരേ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉക്രൈന്‍ ആളുകളെ ക്ഷണിച്ചിരുന്നു. ‘ഇന്റര്‍നാഷണല്‍ ലീജന്‍ ഓഫ് ടെറിറ്റോറിയല്‍ ഡിഫെന്‍സ് ഓഫ് ഉക്രൈന്‍’ എന്നപേരില്‍ പ്രത്യേകവിഭാഗവുമുണ്ടാക്കി.

ഇതില്‍ ചേരാന്‍ ബ്രിട്ടീഷുകാരും സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ നേരിട്ട് ഉക്രൈനില്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍, മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയ, ബെലാറുസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍പേര്‍ തയ്യാറായി എത്തിയിരിക്കുന്നത്.

അതേസമയം, ഉക്രൈനില്‍ നിന്ന് അഭയാര്‍ഥികളൊഴുകിയെത്തുന്ന അയല്‍രാജ്യമായ മോള്‍ഡോവയ്ക്ക് സഹായവാഗ്ദാനവുമായി യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്ത് വന്നു.

ഞായാറാഴ്ച മൊള്‍ഡോവന്‍ തലസ്ഥാനമായ ചിസിനൗവില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 1.2 ലക്ഷം ഉക്രൈനിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചിരിക്കുന്ന മോള്‍ഡോവ അവരെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്രസഹായം ആവശ്യപ്പെട്ടിരുന്നു.