അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ അരിസോണയിലെ ഫലവും പുറത്തുവന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തികരിച്ചത്. വന്‍ ഭൂരിപക്ഷത്തിലാണ് ട്രംപ് പ്രസിഡന്റ് കസേരയിലേക്ക് തിരിച്ചെത്തുന്നത്. 312 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് നേടിയത്. എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസിന് 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
2016-ല്‍ അദ്ദേഹത്തിന് 304 ഇലക്ടറല്‍ വോട്ടുകളായിരുന്നു ലഭിച്ചത്. അരിസോണയിലെ 11 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് സ്വന്തമാക്കിയത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. 2020-ല്‍ ഡെമോക്രാറ്റിങ് സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. അന്ന് 70 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയക്കൊടി നാട്ടിയത്.
അരിസോണയിലും ജയം നേടിയതോടെ സ്വിങ് സ്റ്റേറ്റുകളായി കരുതിയിരുന്ന ഏഴിടത്തും സമ്പൂര്‍ണ ജയം സ്വന്തമാക്കാന്‍ ട്രംപിന് സാധിച്ചു. നേരത്തെ ജോര്‍ജിയ, പെന്‍സില്‍വാനിയ, മിഷിഗന്‍, വിസ്‌കോന്‍സിന്‍, നോര്‍ത്ത് കരോളിന, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് മിന്നുന്ന ജയം നേടിയിരുന്നു.