പോപ്പുലര്‍ വോട്ടും ഇലക്ടറല്‍ വോട്ടും: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ത്?; ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ട്രംപിനെ തുണയ്ക്കുമോ?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആദ്യഫലസൂചനകള്‍ മുതലേ ലീഡ് ചെയ്തപ്പോള്‍ ആദ്യ ട്രെന്‍ഡില്‍ പിന്നോട്ട് പോയ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ശക്തമായി തിരിച്ചുവന്നു. യുഎസ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി പ്രധാനഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11ലും വിജയിക്കുമെന്ന് യുഎസ് നെറ്റ്വര്‍ക്കുകള്‍ പറയുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 230 വോട്ടുകളും മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് 210 വോട്ടുകളും നേടിയിട്ടുണ്ട്. 538 ഇലക്ടേഴ്‌സ് വോട്ടുകളില്‍ 270 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് യുഎസിലെ മാന്ത്രിക നമ്പര്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണോ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണോ മാന്ത്രിക നമ്പറില്‍ എത്തുന്നത് അവരായിരിക്കും വിജയി.

യുഎസ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വോട്ടുകള്‍ ഇലക്ടറല്‍ വോട്ടുകളുടെയത്രയും നിര്‍ണായകമല്ല. ജനങ്ങളുടെ പോപ്പുലര്‍ വോട്ടുകളില്‍ പിന്നോട്ട് പോയാലും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റാവുക. 2016ല്‍ പോപ്പുലര്‍ വോട്ടുകളില്‍ പിന്നില്‍ പോയിട്ടും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഇലക്ടറല്‍ വോട്ടുകളില്‍ മുന്നേറിയാണ്. സാധാരണഗതിയില്‍ ഇലക്ടറല്‍ വോട്ടുകള്‍ പോപ്പുലര്‍ വോട്ടിനൊപ്പം ചേര്‍ന്ന് പോകുന്ന രീതിയാണ് യുഎസില്‍ കണ്ടുവരുന്നത്. വലിയ സംസ്ഥാനത്ത് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ തീര്‍ച്ചയായും കൂടുതല്‍ ഉണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെറിയ സംസ്ഥാനങ്ങളില്‍ വലിയ മാര്‍ജിനുകളോടെ ധാരാളം പോപ്പുലര്‍ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിയുമെങ്കിലും അവിടെ ഇലക്ടറല്‍ വോട്ടുകള്‍ കുറവായിരിക്കും. അതേസമയം എതിരാളിക്ക് വലിയ സംസ്ഥാനങ്ങളില്‍ ആവശ്യമായ പോപ്പുലര്‍ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുണ്ടാവകയുള്ളുവെങ്കിലും ധാരാളം ഇലക്ടറല്‍ വോട്ടുകള്‍ നേടി അതുവഴി വിജയിക്കാന്‍ കഴിയും.ജനകീയ വോട്ട് നഷ്ടപ്പെട്ടാലും ഇത്തരത്തില്‍ ഇലക്ടറല്‍ കോളേജില്‍ വിജയിക്കുക വഴി പ്രസിഡന്റാകാം.

ഈ സാഹചര്യം യുഎസ് ചരിത്രത്തില്‍ അഞ്ച് തവണ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2016-ലാണ് ഇത് സംഭവിച്ചത്. ഹിലരി ക്ലിന്റണ്‍ രണ്ട് ശതമാനത്തിലധികം പോപ്പുലര്‍ വോട്ടുകള്‍ നേടിയപ്പോള്‍, ട്രംപ് 304 വോട്ടുകള്‍ക്ക് ഇലക്ടറല്‍ കോളേജില്‍ വിജയിച്ചു. നിലവിലെ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇലക്ടറല്‍ വോട്ടുകളില്‍ മുന്നില്‍ ലീഡ് ചെയ്ത ട്രംപ് അനായാസ വിജയമെന്ന തോന്നലുണ്ടാക്കിയെങ്കിലും കൗണ്ടിംഗ് പുരോഗമിക്കവെ കമല ഹാരീസ് ഒപ്പത്തിനൊപ്പമെത്തി.

പരമ്പരാഗതമായി ഏത് പാര്‍ട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുവെന്ന സൂചനയാണ് പ്രാഥമികഫലം നല്‍കുന്നത്. സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക എന്ന് കരുതപ്പെടുന്നു. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം കിട്ടിയിരിക്കുന്നത്. പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സ്വിംഗ് അല്ലെങ്കില്‍ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആരായിരിക്കുമെന്ന് തീരുമാനിക്കും. നിലവിലെ ട്രെന്‍ഡുകള്‍ കാണിക്കുന്നത് ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപ് മുന്നിലാണെന്നുള്ളതാണ്.