ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തലപൊക്കാന്‍ അനുവദിക്കില്ല; സിറിയയില്‍ അമേരിക്കയുടെ ആക്രമണം; അബു യൂസിഫ് കൊല്ലപ്പെട്ടു; തുടര്‍ നടപടി പ്രഖ്യാപിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയില്‍ അമേരിക്കയുടെ ആക്രമണം. ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്‌മൂദിനെ കൊലപ്പെടുത്തി. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഐഎസ് പോലുള്ള ഭീകരവാദ സംഘടനകളെ ഇനി വളരാന്‍ അനുവദിക്കില്ലെന്നും തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ഐഎസ് പോലുള്ള ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപിക്കാന്‍ പദ്ധതിയിടുമ്പോഴാണ് അമേരിക്കയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐഎസിനെ പുനഃസംഘടിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

നിലവില്‍ സിറിയയിലെ കേന്ദ്രങ്ങളില്‍ കഴിയുന്ന 8,000 ത്തിലധികം ഐഎസ് ഭീകരരെ തടങ്കലില്‍നിന്നു പുറത്തെത്തികാനുള്ള നീക്കം നടക്കുന്നുണ്ട്. സിറിയയ്ക്ക് പുറത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഐഎസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല വ്യക്തമാക്കി.