റഷ്യയോടുള്ള വിദേശനയത്തില്‍ മാറ്റം വരുത്തി അമേരിക്ക. യുഎന്നില്‍ റഷ്യയെ അനുകൂലിച്ച് അമേരിക്ക വോട്ടു ചെയ്തു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും റഷ്യയെ വിമര്‍ശിച്ച് കൊണ്ടുള്ള പ്രമേയത്തെയാണ് അമേരിക്ക എതിര്‍ത്തത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമാണ് അമേരിക്ക റഷ്യയുടെ തീരുമാനങ്ങളെ പിന്തുണച്ച രംഗത്തെത്തുന്നത്.
യുഎസിനൊപ്പം ഇസ്രായേല്‍, ഉത്തരകൊറിയ തുടങ്ങിയ 18 രാജ്യങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 93 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രമേയം. ഇതിനൊപ്പം യുക്രെയ്‌ന്റെ അതിര്‍ത്തികളെ അംഗീകരിക്കുകയും ചെയ്യുന്നു.
യു.എന്‍ പ്രമേയത്തെ വോട്ട് ചെയ്ത് തോല്‍പ്പിക്കാനുള്ള യു.എസ് നീക്കം പരാജയപ്പെട്ടുവെങ്കിലും സുരക്ഷാസമിതിയില്‍ അവര്‍ പുതിയ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്.
അമേരിക്ക റഷ്യയുടെ പക്ഷത്തേക്ക് ചാഞ്ഞതോടെ യുക്രെയിന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി രംഗത്ത് വന്നിട്ടുണ്ട്.
എല്ലാ യുക്രെയ്ന്‍ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രെയ്ന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.
‘റഷ്യ യുക്രെയ്ന്‍കാരെ മോചിപ്പിക്കണം. എല്ലാവര്‍ക്കും വേണ്ടി എല്ലാവരേയും കൈമാറാന്‍ യുക്രെയ്ന്‍ തയാറാണ്. ഒരു തുടക്കത്തിനുള്ള ശരിയായ മാര്‍ഗമാണിത്’ – സെലന്‍സ്‌കി പറഞ്ഞു. ഈ വര്‍ഷം യുക്രെയ്‌നിന്റെ യഥാര്‍ഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കീവില്‍ എത്തിയിരുന്നു. നേതാക്കളുമൊത്തു നടത്തിയ ചടങ്ങില്‍ പ്രസംഗിക്കവേ തന്റെ രാജ്യത്തിന്റെ പ്രതിരോധത്തെയും ചെറുത്തുനില്‍പ്പിനെയും സെലന്‍സ്‌കി പ്രശംസിച്ചു.
യുക്രെയ്‌ന് എല്ലാ വിധ പിന്തുണയും സഹായവും തുടര്‍ന്നും ഉണ്ടാകുമെന്നു പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അടിയന്തരമായി സാമ്പത്തികസഹായവും കൂടുതല്‍ ആയുധങ്ങളും അയയ്ക്കാനും തീരുമാനിച്ചു.
അതേസമയം, ചര്‍ച്ചകള്‍ക്കു തയാറാണെന്നും എന്നാല്‍ സമാധാന ഒത്തുതീര്‍പ്പ് തങ്ങള്‍ക്കുകൂടി ബോധ്യമായാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കയുമായി ചേര്‍ന്ന് യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമ്പോള്‍ യുദ്ധം തുടരാനാണു യൂറോപ്പ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചു.
Read more
അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ഒരു ചടങ്ങില്‍ പ്രസംഗിക്കവേ, സൈനികസഖ്യമായ നാറ്റോയില്‍ യുക്രെയ്‌ന് അംഗത്വം ലഭിച്ചാലുടന്‍ താന്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.