അമേരിക്കന്‍ പ്രസിഡന്റിന്റേത് ഭരണപരമായ തീരുമാനം; ഇടപെടാനാവില്ല; ഇന്ത്യക്ക് കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ അപേക്ഷ തള്ളി യുഎസ് കോടതി

ഇന്ത്യക്ക് കൈമാറാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര ഹര്‍ജി തള്ളി യുഎസ് സുപ്രീംകോടതി. പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണപരമായ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്.

കനേഡിയന്‍ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പും നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടായ തീരുമാനം നടപ്പിലാക്കരുതെന്ന ആവശ്യവുമായി മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹവ്വുര്‍ റാണ യുഎസ് സുപ്രീംകോടതിയില്‍ എത്തിയത് ഇന്നലെയായിരുന്നു. ഈ മാസം അവസാനം അമേരിക്ക തന്നെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അത് തന്റെ ജീവന് തന്നെ ഭീഷണിയുമാണെന്നാണ് റാണ സുപ്രീംകോടതില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

പാക് വംശജനായ തന്നെ ഇന്ത്യയില്‍വച്ച് പീഡിപ്പിക്കും. ഹൃദ്രോഗവും പാര്‍ക്കിന്‍സണും ക്യാന്‍സറുമുള്‍പ്പെടെയുള്ള അസുഖങ്ങളുള്ള തന്റെ ജീവന്‍ ഇന്ത്യന്‍ ജയിലിനുള്ളില്‍ വെച്ചു തന്നെ തീരുമെന്നും ഇയാള്‍ പറയുന്നു.

ബാല്യകാല സുഹൃത്തും പാക് വംശജനുമായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് ലഷ്‌കറെ ത്വയ്യിബക്കു വേണ്ടി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് റാണക്കെതിരായ കേസ്. 2009 മുതല്‍ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ. പാക് വംശജനായ ഇയാള്‍ കനേഡിയന്‍ പൗരനാണ്. നേരത്തേ പാക് സൈന്യത്തില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നു.

ഇന്ത്യഒരു മതത്തിന്റെ ഒരു കടന്നല്‍ കൂട്ടാണ്. അവിടേയ്ക്ക് റാണയെ അയക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിംകളോട് വ്യവസ്ഥാപിതമായ വിവേചനം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്ന 2023ലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടും അവര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.

റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കാലിഫോര്‍ണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരെ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്.

Read more

എല്ലാ രേഖകളും യു.എസ് അധികൃതര്‍ക്ക് കൈമാറിയതായും അനുമതി ലഭിച്ചാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം യുഎസിലേക്ക് പോകാന്‍ തയാറെടുക്കവെയാണ് റാണ പുതിയ നീക്കം നടത്തിയിരിക്കുന്നത്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ ആറു യു.എസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.