യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡൽഹിയിൽ, ഇന്ന് പ്രധാനമന്ത്രി മോദിയെ കാണും

നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തി. ഇന്ത്യൻ-അമേരിക്കൻ സെക്കൻഡ് ലേഡിയായ ഭാര്യ ഉഷ വാൻസിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യുഎസ് വൈസ് പ്രസിഡന്റിനെ സ്വീകരിച്ചു. അവിടെ വാന്സിന് മൂന്ന് സൈനികരുടെ ഗാർഡ് ഓഫ് ഓണറും നൽകി.

യുഎസ് ഉപരാഷ്ട്രപതിയുടെ വിമാനം ന്യൂഡൽഹിയിലെ പാലം ടെക്നിക്കൽ ഏരിയയിലാണ് ലാൻഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപീകരണവും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചർച്ചകളിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാൻസിൻറെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പെന്റഗണിൽ നിന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടെ അഞ്ച് അംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. “പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ ഫെബ്രുവരി 13 ന് പുറത്തിറക്കിയ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഈ സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.