അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 161 ഇന്ത്യൻ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്‌സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. രാജ്യത്തെ 95 വിവിധ ജയിലുകളിൽ കഴിയുന്ന ഇവരിൽ രണ്ടു പേർ മലയാളികള്‍ ആണ്.
തിരിച്ചു വരുന്നവരിൽ ഏറ്റവുമധികം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്– 76 പേർ. പഞ്ചാബിൽ നിന്ന് 56 പേരുണ്ട്. ഗുജറാത്തിൽ നിന്ന് 12, ഉത്തർപ്രദേശിൽ നിന്ന് അഞ്ച്, മഹാരാഷ്ട്രയിൽ നിന്നു നാല്, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നു രണ്ടു വീതം, ആന്ധ്രപ്രദേശിൽ നിന്നും ഗോവയിൽ നിന്നും ഓരോരുത്തരും എന്നിങ്ങനെയാണ് യുഎസിൽ നിന്നു തിരിച്ചവരുന്നവർ.
യുഎസിന്റെ തെക്കൻ അതിർത്തിയായ മെക്സിക്കോ വഴി അനധികൃതമായി കയറാൻ ശ്രമിച്ച ഇവരെ ഇമിഗ്രഷേൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂർത്തിയായതിനെ തുടർന്നാണ് സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്. ഐസിഇ റിപ്പോർട്ട് അനുസരിച്ച്, 2018ൽ 611 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തി. 2019-ൽ 1616 പേരേയും നാടുകടത്തി.