അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ ഒരു സംഗീതജ്ഞന്റെ മുന്നിലിട്ട് അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ച് താലിബാൻ. ഒരു അഫ്ഗാൻ പത്രപ്രവർത്തകൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉപകരണം കത്തിച്ചതിനെ തുടർന്ന് സംഗീതജ്ഞൻ കരയുന്നത് കാണാം.
അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ഒമേരി പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ തോക്കുധാരിയായതാലിബാൻ ഭീകരൻ സംഗീതജ്ഞനെ നോക്കി ചിരിക്കുന്നതായും മറ്റൊരാൾ സംഗീതജ്ഞന്റെ “ദയനീയമായ അവസ്ഥ”യുടെ വീഡിയോ പകർത്തുന്നതായും കാണാം.
“കരയുന്ന പ്രാദേശിക സംഗീതജ്ഞന്റെ മുന്നിലിട്ട് താലിബാൻ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സസായിഅറുബ് ജില്ലയിലെ പക്തിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്,” അബ്ദുൾഹഖ് ഒമേരി ഒരു ട്വീറ്റിൽ പറഞ്ഞു.
Video : Taliban burn musician's musical instrument as local musicians weeps. This incident happened in #ZazaiArub District #Paktia Province #Afghanistan . pic.twitter.com/zzCp0POeKl
— Abdulhaq Omeri (@AbdulhaqOmeri) January 15, 2022
നേരത്തെ താലിബാൻ വാഹനങ്ങളിൽ സംഗീതം നിരോധിച്ചിരുന്നു. ഇതിനുപുറമെ, വിവാഹങ്ങളിൽ തത്സമയ സംഗീതം നിരോധിക്കുകയും പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളിൽ ആഘോഷിക്കാനും താലിബാൻ ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു.
അടിച്ചമർത്തലുകൾക്കിടയിൽ, അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ തുണിക്കടകളിലെ “മാനെക്വിനുകളുടെ” തലവെട്ടാൻ താലിബാൻ ഉത്തരവിട്ടതായി അഫ്ഗാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് സ്പുട്നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുണിക്കടകളിൽ ഉപയോഗിക്കുന്ന ‘മാനെക്വിനുകൾ’ ശരീഅത്ത് നിയമത്തിന്റെ ലംഘനമാണെന്നാണ് താലിബാന്റെ വാദം.
Read more
കാബൂളിലെ തെരുവുകളിൽ ഇത്തരം സംഭവങ്ങളുടെ സൂചനകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ ടെലിവിഷൻ പരിപാടികളിൽ കാണിക്കുന്നത് നിർത്താൻ അഫ്ഗാനിസ്ഥാനിലെ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാൻ സർക്കാർ “മത മാർഗ്ഗനിർദ്ദേശങ്ങൾ” പുറപ്പെടുവിച്ചിരുന്നു.