റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ നാറ്റോയോട് കൂടുതല്‍ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ് ഉക്രൈന്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ഈ ആവശ്യമുന്നയിച്ചത്. മരിയുപോളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റഷ്യ ആക്രമണം പുനരാരംഭിച്ചു.
റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നാറ്റോ ‘നോ ഫ്‌ലൈ സോണ്‍’ പ്രഖ്യാപിക്കണമെന്ന് ഉക്രൈന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം റഷ്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള പ്രകോപനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാറ്റോ നിരസിച്ചത്.’നോ ഫ്‌ലൈ സോണ്‍’ പ്രഖ്യാപിച്ചാല്‍ ഉക്രൈനുമായി മാത്രമല്ല, നാറ്റോയുമായിതന്നെ തങ്ങള്‍ യുദ്ധത്തിന് തയാറാണെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.
നോ ഫ്‌ലൈ സോണ്‍ ഏര്‍പ്പെടുത്തുകയെന്നാല്‍ ആണവ ശക്തിയായ റഷ്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള പ്രകോപനമാകുമെന്നാണ് നാറ്റോ മേധാവി ജെന്‍സ് സ്റ്റാല്‍ട്ടന്‍ബെര്‍ഗ് പറയുന്നത്. നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അതിന് മുതിരേണ്ട എന്നായിരുന്നു തീരുമാനം” -നാറ്റോ മേധാവി വ്യക്തമാക്കി.