ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് മൊറോക്കോ ആരാധകര്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മൊറോക്കോ തോറ്റതിന് പിന്നാലെ അക്രമാസക്തരായ ആരാധകര്‍ പൊലീസിനെയും ഫ്രാന്‍സ് ആരാധകരെയും അക്രമിക്കുകയായിരുന്നു.
മൊറോക്കോ പതാക പുതച്ചെത്തിയ നൂറ് കണക്കിന് അക്രമികള്‍ പൊലീസിനു നേരെ പടക്കങ്ങള്‍ എറിയുകയും കാര്‍ഡ്ബോഡും മറ്റു വസ്തുക്കളും കത്തിക്കുകയും ചെയ്തു. ആരാധകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 100ലേറെ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ സെമിയിലെത്തിയ മൊറോക്കോ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്നു പുലര്‍ച്ചയിലെ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.
പോര്‍ച്ചുഗല്‍ അടക്കമുള്ള വമ്പന്‍ ടീമുകളെ അട്ടിമറിച്ച മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യവുമാണ്. ശനിയാഴ്ച രാത്രി 8.30 ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.