ഇസ്രയേലില്‍ ലെബനീസ് പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിന്റെ പരിധിയിലുള്ള അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഫുട്ബോള്‍ മൈതാനത്താണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരെല്ലാം 10നും 20 ഇടയില്‍ പ്രായമുള്ളവരാണ്.
സ്‌ഫോടനത്തെത്തുടര്‍ന്നു വന്‍തീപിടുത്തവുമുണ്ടായി. ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 3 ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ഇറാന്‍ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ആക്രമണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ സംഘര്‍ഷം ആരംഭിച്ചശേഷം ഇസ്രയേലിലോ ഇസ്രയേല്‍ അധിനിവേശ പ്രദേശത്തോ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് ഗ്രാമമായ മജ്ദല്‍ ഷാംസിലെ ഫുട്ബോള്‍ ഗ്രൗണ്ടിലാണ് റോക്കറ്റ് പതിച്ചത്. 1967-ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രയേല്‍ പിടിച്ചെടുത്ത ഭാഗമാണിത്.
അതേസമയം, മധ്യഗാസയിലെ ദെയ്‌റല്‍ ബലാഹില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഖാന്‍ യൂനിസിന്റെ കിഴക്കന്‍ മേഖലയില്‍ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 60 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍നിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.