രാജ്യത്ത് വ്യകതി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് സിറിയയിലെ വിമതർ. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേൽ മതനിയമം അടിച്ചേൽപ്പിക്കില്ലെന്ന് ഉറപ്പ് നൽകി. സ്ത്രീകൾക്ക് മതപരമായ വസ്ത്രധാരണം നിർബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേനയുടെ ജനറൽ കമാൻഡർ അറിയിച്ചു.
വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പു നൽകുന്നുവെന്നും വ്യക്തികളുടെ അവകാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും കമാൻഡ് പറഞ്ഞു. അസദിനെ അട്ടിമറിച്ച വിമതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്ലാമിക നിയമമായ ശരിഅ പ്രകാരമായിരിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
വിമതർക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം സ്ത്രീകളും കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചാണു വസ്ത്രം ധരിക്കുന്നത്. ഇതാണ് അഭ്യൂഹത്തിന് കാരണമായിരുന്നത്. എന്നാൽ ജനറൽ കമാൻഡറുടെ ഇപ്പോഴത്തെ തീരുമാനം ആശ്വാസകരമാണ്. മാത്രമല്ല, സിറിയയിൽ നിന്ന് പുറത്ത് വരുന്ന പല ദൃശ്യങ്ങളും പ്രതീക്ഷാജനകമാണ്.
സിറിയയിലെ ‘മനുഷ്യരുടെ കശാപ്പുശാല’ എന്നറിയപ്പെടുന്ന സെദ്നായ ജയിലില്‍ നിന്ന് വിമതര്‍ പിഞ്ചുബാലനേയും ഒട്ടേറെ സ്ത്രീകളേയും മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഇത്തരത്തിലുള്ള ഒന്നാണ്. അസദ് ഭരണകാലത്ത് തടവറയില്‍ കഴിയേണ്ടിവന്ന ഇവരെ ജയിലിലേക്ക് ഇരച്ചുകയറിയ വിമതര്‍ മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നടുക്കുന്നതാണ്.
നിരവധി സ്ത്രീകളെ വിമതര്‍ ജയിലില്‍ നിന്ന് തുറന്നുവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. മോചിപ്പിക്കപ്പെട്ട കുട്ടിയുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കേണ്ടതായിരുന്നുവെന്ന് ഒരാള്‍ അല്‍ ജസീറയോട് പറഞ്ഞു. തടവുകാര്‍ക്കെതിരെ നടക്കുന്ന ക്രൂര പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള സെദ്നായ ജയില്‍. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 5000ത്തിനും 13000ത്തിനും ഇടയില്‍ തടവുകാരെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.