സ്ത്രീകള്‍ ബാങ്കുവിളിക്കുന്നതും തക്ബീര്‍ മുഴക്കുന്നതും നിരോധിച്ചതിന് പിന്നാലെ ഉച്ചത്തിലുള്ള ഖുറാന്‍ പാരായണവും വിലക്കി താലിബാന്‍. മതത്തിന്റെ ശരിയായ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി വ്യക്തമാക്കി.
സ്ത്രീയുടെ ശബ്ദം വിശേഷപ്പെട്ടതാണെന്നും അത് മറ്റുള്ള സ്ത്രീകള്‍ പോലും കേള്‍ക്കാന്‍ പാടില്ലെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ത്ഥനക്കിടെ സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്ര ഉച്ചത്തില്‍ സംസാരിക്കരുതെന്നും മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു. നേരത്തെ സ്ത്രീകള്‍ ബാങ്കുവിളിക്കുന്നതും തക്ബീര്‍ മുഴക്കുന്നതും താലിബാന്‍ വിലക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ നിയമം നിലവില്‍ വന്നതായി താലിബാന്‍ വ്യക്തമാക്കിയത്. വിര്‍ജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സ്ത്രീകള്‍ മുഖമടക്കം മൂടണമെന്നാണ് താലിബാന്റെ ഉത്തരവ്. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരോധിച്ചിരുന്നു.