ചൈനയില്‍ ഷി ജിന്‍പിങ് തുടരും; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നുമുതല്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് മാത്രം ഇളവ് നല്‍കും. ഷീ ജിന്‍പിങ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സൂചന.

ടിയാനന്‍ മെന്‍ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ 2300 പ്രതിനിധികള്‍ പങ്കെടുക്കും. അടച്ചിട്ട ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ അജണ്ട നിശ്ചയിച്ചത് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലാണ്. മന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയേക്കും. രണ്ടാമത്തെ പ്രമുഖ നേതാവ് ലി കെക്വിയാങ്, വിദേശകാര്യ മന്ത്രി വാങ് യി തുടങ്ങിയവര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാറിനെതിരെ രണ്ട് ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പേരുകേണ്ട ചൈനയില്‍ അത്യപൂര്‍വമായിമാത്രമേ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ടൊള്ളൂ.