വിവാഹങ്ങള്‍ എന്നും വ്യത്യസ്തമാക്കാനും ആഘോഷമാക്കാനും ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുമുണ്ട്. അത്തരത്തില്‍ സഹോദരിയുടെ വിവാഹത്തന് ഒരു യുവാവ് ഒരുക്കിയ വ്യത്യസ്തമായൊരു സല്‍ക്കാരത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
കഞ്ചാവ് കലര്‍ത്തി ഉണ്ടാക്കിയ ഒരു കേക്കാണ് യുവാവ് സഹോദരിയുടെ കല്ല്യാണത്തിന് സര്‍പ്രൈസായി നല്‍കിയത്. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം. സാന്റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് വ്യത്യസ്തമായ ഈ കേക്ക് നിര്‍മ്മിച്ചത്. ഏഴ് നിലയുള്ള കേക്കിലെ ഒരു തട്ടിലാണ് കഞ്ചാവ് കലര്‍ത്തിയത്. കേക്കുണ്ടാക്കാന്‍ അല്‍വാറോ ഇരുപത് മണിക്കൂറിലേറെ സമയമെടുത്തു.
ഈ കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ വീണ്ടും കേക്ക് എടുത്ത് കഴിക്കുകയും ചെയ്തു. ചടങ്ങില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് കേക്ക് നല്‍കിയില്ലെന്നും അല്‍വാറോ അവകാശപ്പെടുന്നു.
സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ചതിന് ശേഷമുള്ള അതിഥികളുടെ പ്രതികരണവും അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്.
ചിലിയില്‍ 2015ല്‍ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുണ്ട്. പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കാം. എന്നാല്‍ ആരെങ്കിലും സംഭവത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.