ജമ്മു കശ്മീരിലെ സർക്കാർ നീക്കത്തെ പിന്തുണച്ച് സംസാരിച്ചാൽ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാം എന്ന് മോദിയും അമിത് ഷായും വാഗ്ദാനം ചെയ്തു: സാക്കിർ നായിക്

കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദൂതൻ വഴി നരേന്ദ്ര മോദി സർക്കാർ തന്നെ സമീപിച്ചതായി വിവാദ ഇസ്ലാമിക മതപ്രഭാഷകൻ ഡോ. സാക്കിർ നായിക് അവകാശപ്പെട്ടു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച് സംസാരിച്ചാൽ തനിക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായ പാസ് നൽകാമെന്ന് മോദി സർക്കാർ വാഗ്ദാനം ചെയ്തതായി നായിക് അവകാശപ്പെട്ടു. നായിക് 2016 മുതൽ മലേഷ്യയിൽ സ്വയം പ്രവാസത്തിലാണ്.

മറ്റൊരു ഇസ്ലാമിക പണ്ഡിതൻ യാസിർ ഖാദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മറുപടിയായി പ്രചരിച്ച ഒരു വീഡിയോയിലാണ് നായിക് അവകാശവാദം ഉന്നയിച്ചത്. ഇസ്ലാമിക് സെമിനാരി ഓഫ് അമേരിക്കയുടെ ഡീൻ ആയ ഖാദി ജനുവരി 9 ന് നായിക്കിനെ കണ്ടു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തു. ഖാദി എഴുതി, “കാശ്മീരിനെതിരായ മോദിയുടെ പ്രചാരണത്തെ പിന്തുണച്ചാൽ സർക്കാർ എല്ലാ കേസുകളും ഉപേക്ഷിക്കുകയും സ്വത്തുക്കൾ തിരിച്ചു നൽകുകയും ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്യുമെന്ന് ബിജെപി സർക്കാർ ഡോ. സക്കീറിനെ ഒരു ദൂതനെ വിട്ട് അറിയിച്ചു. ഇത് അദ്ദേഹത്തിനെതിരെ യഥാർത്ഥ കേസുകളൊന്നുമില്ലെന്നും ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ളതിനുള്ള തെളിവാണ്.”

https://www.facebook.com/yasir.qadhi/posts/10157445157483300

ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് നിരവധി മാധ്യമപ്രവർത്തകർ തന്നോട് ചോദിച്ചതായി സാക്കിർ നായിക് അവകാശപ്പെട്ടു. മൂന്നര മാസം മുമ്പ് വീഡിയോയിൽ സാക്കിർ നായിക് അവകാശപ്പെട്ടു, “ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി എന്നെ സമീപിച്ചു”. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചാണ് താൻ വരുന്നതെന്ന് പ്രതിനിധി പറഞ്ഞതായി നായിക് അവകാശപ്പെട്ടു. താനും ഇന്ത്യൻ സർക്കാരും തമ്മിലുള്ള തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അവർ “എന്നെ ഇന്ത്യയിലേക്ക് സുരക്ഷിതമായി പ്രവേശിപ്പിക്കാൻ” ആഗ്രഹിക്കുന്നുവെന്നും നായിക് പറഞ്ഞു.

മുസ്ലീം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രതിനിധി തന്റെ ബന്ധങ്ങൾ വഴിയുള്ള സഹായം തേടിയതായും, യോഗം മണിക്കൂറുകൾ നീണ്ടുനിന്നതായും നായിക് പറഞ്ഞു. ഓഗസ്റ്റിൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ബിജെപി സർക്കാരിനെ പിന്തുണയ്ക്കണമെന്ന് പ്രതിനിധി തന്നോട് ആവശ്യപ്പെട്ടെന്നും നായിക് പറഞ്ഞു.

“കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും ഞാൻ പറഞ്ഞു. എനിക്ക് അനീതിയുടെ ഒരു നടപടിയെ പിന്തുണയ്ക്കാനും കശ്മീർ ജനതയെ ഒറ്റിക്കൊടുക്കാനും കഴിയില്ല. ”നായിക് പ്രഖ്യാപിച്ചു.

എൻ‌.ഐ‌.എ, പൊലീസ്, എൻ‌ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ ഏതെങ്കിലും സർക്കാർ ഏജൻസിക്കെതിരെ സംസാരിച്ചാൽ ഒരു പ്രശ്നവുമില്ലെന്നും.എന്നാൽ ബിജെപി സർക്കാരിനും പ്രധാനമന്ത്രി മോദിക്കും എതിരെ ഒന്നും സംസാരിക്കരുത് എന്ന് പ്രതിനിധി പറഞ്ഞതായി നായിക് പറഞ്ഞു. ഏജൻസികൾ തങ്ങളുടെ രാഷ്ട്രീയ മേധാവികളെ ആണ് അനുസരിക്കുന്നത് എന്ന് നായിക് പ്രതിനിധിയോട് പറഞ്ഞു.

നായിക് പിന്നീട് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പരാമർശിക്കുകയും “നിരവധി മുസ്‌ലിം നേതാക്കളെ” ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെ പിന്തുണച്ചതിന് വിമർശിക്കുകയും ചെയ്തു. ഈ മുസ്‌ലിം നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയോ സമ്മർദ്ദം ചെലുത്തുകയോ അന്യായമായ ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ നിർബന്ധിതരാകുകയോ അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിരിക്കുകയോ ചെയ്‌തിരിക്കാം എന്ന് സാക്കിർ നായിക് പറഞ്ഞു.

“അന്യായമായ ഒരു പ്രവൃത്തി” യെ പിന്തുണയ്ക്കുന്നത് “ഇസ്ലാമികമല്ലാത്തതാണ്” എന്നും “ലോകത്തിലെ സുരക്ഷയ്ക്കായി പറുദീസയിലെ സ്ഥാനം നഷ്ടപ്പെടുത്തുന്ന ചെയ്തിയാണെന്നും” ഇന്ത്യയിലെ മുസ്‌ലിംകൾക്കുള്ള സന്ദേശത്തോടെ നായിക് വീഡിയോ അവസാനിപ്പിച്ചു.

കടപ്പാട്: ദി വീക്ക്