അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നത്.

സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് കോടതി നടപടികള്‍ മാറ്റിവച്ചത്. അബ്ദുല്‍ റഹീമിന്റെ കേസ് മാത്രമല്ല റിയാദ് ജയിലില്‍ നിന്നുള്ള എല്ലാ കേസുകളുടെയും സിറ്റിംഗ് തീയതികളും മാറ്റി വച്ചു. നേരത്തെ രണ്ട് തവണയും വിധി പറയുന്നത് മാറ്റി വച്ചിരുന്നു. മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിംഗ് ഒക്ടോബര്‍ 21ന് ആണ് നടന്നത്.

വിധി പറയേണ്ട ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചനത്തെ കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് അറിയിച്ചാണ് കോടതി കേസ് മാറ്റിവച്ചത്. റഹീം 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായണ്. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്റെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്.