ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷത്തിലാണ്. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ ആഘോഷിക്കുക. അറേബ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ ശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണ് ഇത്തവണത്തേത്. സൗദിയിലെ മൂൺ സൈറ്റിംഗ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്. പിന്നാലെ യുഎഇയും ബഹ്‌റൈനും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ നാളെ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
റമസാൻ വ്രതം ആരംഭിച്ചത് ഒരുമിച്ചായിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. ഈദുൽ ഫിത്തർ പ്രമാണിച്ചു ഒമാനിൽ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കുന്നതായി ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചു.
Read more
യുഎഇ ഉൾപ്പെടെയുള്ള മറ്റ് അറേബ്യൻ രാജ്യങ്ങളിൽ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമായി പങ്കെടുക്കുകയാണ്. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും പെരുന്നാൾ നമസ്കാരത്തിന് ദശലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്. യുഎഇയിൽ വിവിധയിടങ്ങളിലായി വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നു. ഗ്ലോബൽ വില്ലേജ്, അബുദാബി യാസ് ഐലൻഡ്, കോർണിഷ് റോഡ് എന്നിവ അടക്കം സ്ഥലങ്ങളിൽ വെടിക്കെട്ട് നടക്കും.