സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും മുദ്രകളും, ലോഗോകളും ദുരുപയോഗം ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ഇത്തരം സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും പോലീസ് ചൂണ്ടിക്കാട്ടി. സുരക്ഷ മുൻനിർത്തി വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ച് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണ്.
അതിനാൽ ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ഇത്തരം സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത് പോലെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്നും പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.
പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്‌വേഡുകൾ ഒരു കാരണവശാലും അപരിചിതരുമായി പങ്കുവെയ്ക്കരുതെന്നും നിർദ്ദേശം നൽകി.