ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് മടങ്ങി എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മങ്കി പോക്സിനെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻ കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
മങ്കിപോക്‌സിനെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികൾ മുൻകൂട്ടി സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.
healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും