എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ പുതിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു

ദുബായ്: കോഴിക്കോട്ടെ എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റൂട്ട് ദുബൈയില്‍ വിവര വിനിമയ ഓഫീസ് തുറക്കുമെന്ന് ചെയര്‍മാന്‍ വിജയ കൃഷ്ണനും പ്രവാസി ഡയറക്ടര്‍ അഹ്മദ് ഹസന്‍ ഫ്ലോറയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥലം അന്വേഷിച്ചു വരികയാണ്. ഈ വര്‍ഷം തന്നെ ഓഫീസ് തുറക്കും .

കോഴിക്കോട്ടെ അര്‍ബുദ ചികിത്സാ സൗകര്യത്തെക്കുറിച്ചു അവബോധം ഉണ്ടാക്കാനും വിവരങ്ങള്‍ കോഴിക്കോട്ടെ ക്യാന്‍സര്‍ സെന്ററിന് കൈമാറാനുമാണ് ഓഫീസ്. എട്ടു മാസം മുമ്പാണ് പ്രവാസികളുടെ സഹകരണത്തോടെ ക്യാന്‍സര്‍ സെന്റര്‍ കോഴിക്കോട്ട് തുടങ്ങിയത്. 300 കിടക്കകളാണ് ഇവിടെയുള്ളത്.

ആധുനിക ചികിത്സാ സൗകര്യമുണ്ട്. ഓരോ ദിവസം ശരാശരി നാല്‍പത് രോഗികള്‍ എത്തുന്നു. ഇനിയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹം. പതിനായിരം രൂപയുടെ നിക്ഷേപം നടത്തിയാല്‍ അഞ്ചു ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായിരിക്കും.

നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. രോഗം കണ്ടെത്തുന്നതിന് മുമ്പായിരിക്കണം നിക്ഷേപം. മറ്റുള്ളവര്‍ക്ക് വേണ്ടിയും നിക്ഷേപം ആകാമെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.