ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക വിലക്ക്

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈറ്റില്‍ വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നു രണ്ടായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ നേരത്തെ മൂന്നു കുവൈറ്റ് ഏജന്‍സികള്‍ക്കു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് മരവിപ്പിച്ചതായും ഇന്ത്യന്‍ എംബസി അറിയിച്ചു.

നഴ്‌സിംഗ് നിയമനത്തിലെ സുതാര്യത നിലനിര്‍ത്തുവാന്‍ കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാന്‍പവര്‍ ഏജന്‍സികളെ തന്നെ നിയമിക്കുവാന്‍ കുവൈറ്റ്് ആരോഗ്യമന്ത്രാലയം സജീവമായി ആലോചിക്കുന്നുണ്ടന്നും ഇന്ത്യന്‍ എംബസി കൂട്ടിച്ചേര്‍ത്തു. കുവൈറ്റ്് ആരോഗ്യ മന്ത്രാലയത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന 257 നഴ്‌സുമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പര്യാപ്തമായ രീതിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ പുതിയ ഇടങ്ങള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നും അറിയിച്ചതായി ഇന്ത്യന്‍ നയതന്ത്രകാര്യാലയം വ്യക്തമാക്കി.