അഞ്ചുപതിറ്റാണ്ടിന്റെ അവിസ്മരണീയ ചരിത്ര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയും യുഎഇയും ചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷവും, ഏഴ് എമിറേറ്റുകളായി യുഎഇ സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്.
എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം ആണ് സ്റ്റാമ്പ് പ്രകാശനംചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയായ സഞ്ജയ് സുധീറിന് സ്റ്റാമ്പ് കൈമാറിയായിരുന്നു പ്രകാശനം.
ഈ സംരംഭം ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ പങ്കാളിത്ത കരാറില്‍ ഇന്ത്യയും യു എ ഇ യും അടുത്തിടെ ഒപ്പുവച്ചിരുന്നു. കരാര്‍ ബിസിനസുകളെ ഗുണപരമായി സ്വാധീനിക്കുകയും, വൈവിധ്യവത്ക്കരണത്തെയും സര്‍ക്കാറിന്റെ സുസ്ഥിര വികസന തന്ത്രങ്ങളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് അധികൃതര്‍ പറഞ്ഞു.
Read more
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് ഒന്നിച്ച് തപാൽസ്റ്റാമ്പും പുറത്തിറക്കിയത്. 30 ലക്ഷം ഇന്ത്യക്കാർ ജോലിചെയ്യുന്ന യുഎഇയിൽ ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കുള്ള ആദരവുകൂടിയാണ് ഇതെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.