കുവൈറ്റില്‍ മരണാനന്തര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വിലക്ക്; ലംഘിച്ചാല്‍ പിഴ

ശ്മശാനങ്ങളിലെ മരണാന്തര ചടങ്ങുകളുടെ ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് മുന്‍സിപ്പാലിറ്റി. ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ശ്മനശാനത്തിന് കേടുപാടു വരുത്തുകയും ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

5000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കുവൈറ്റ് മുന്‍സിപ്പാലിറ്റി ഫ്യൂണറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ ഫൈസല്‍ അല്‍ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോണുകള്‍, പ്രൊഫഷണല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് വിലക്കികൊണ്ട് നേരത്തെ മുതല്‍ തന്നെ മുനിസിപ്പല്‍ ചട്ടങ്ങള്‍ നിലനില്‍ക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍, എന്നിങ്ങനെ രാജ്യത്തെ പ്രമുഖരായ ആളുകളുടെ സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ വ്ളോഗര്‍മാര്‍ ഉള്‍പ്പെടെ വലിയ ആള്‍കൂട്ടം എത്തുന്നുണ്ട്. ഇത് മരിച്ച വ്യക്തിയുടെ കുടുംബത്തിന് പ്രായസമുണ്ടാക്കുന്നുണ്ടെന്നും ഡോ. ഫൈസല്‍ അല്‍ അവാദി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ മൃതദേഹത്തോടുള്ള അനാദരവാണ്. മൃതദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത് എന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു.

Read more

അന്തരിച്ച മുന്‍ ഭരണാധികാരി ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ്, ശൈഖ് സാദ് അല്‍ അബ്ദുല്ല, ശൈഖ് സബാഹ് അല്‍ അഹ്‌മദ് എന്നിവരുടെ ഖബറുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോധപൂര്‍വം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശ്മാശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കുമെന്നും ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.